Thursday, 2 July 2015

എന്‍റെ നാട് കുറ്റിപ്പുറം

           മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ കുറ്റിപ്പുറം ബ്ളോക്കിലാണ് കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുറ്റിപ്പുറം, നടുവട്ടം വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിനു 31.31 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് ആതവനാട്, വളാഞ്ചേരി, തിരുനാവായ പഞ്ചായത്തുകള്‍, കിഴക്ക് വളാഞ്ചേരി, ഇരിമ്പിളിയം പഞ്ചായത്തുകള്‍, തെക്ക് ആനക്കര(പാലക്കാട് ജില്ല), തവനൂര്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് തിരുനാവായ, തവനൂര്‍, തൃപ്രങ്ങോട് പഞ്ചായത്തുകള്‍ എന്നിവയാണ.് 


       കുറ്റിപ്പുറത്തിനു മലഞ്ചരക്കു വ്യാപാരവുമായി ബന്ധപ്പെട്ട് 800 വര്‍ഷത്തിലധികം പഴക്കമുള്ളൊരു ചരിത്രമുണ്ട്. നിളാനദിയിലൂടെയായിരുന്നു തുറമുഖനഗരവുമായി ബന്ധപ്പെട്ടിരുന്നത്. ചെങ്ങണയില്‍കടവ്, കാങ്കപ്പുഴക്കടവ്, മല്ലൂര്‍കടവ് എന്നിവ അക്കാലത്ത് ചെറിയ തുറമുഖങ്ങള്‍ തന്നെയായിരുന്നു. ടിപ്പുവിന്റെ പടയോട്ടം നടന്നിട്ടുള്ള പ്രദേശമാണിത്. കുറ്റിപ്പുറം-ചെമ്പിക്കല്‍-തിരൂര്‍ റോഡിനു “ടിപ്പു സുല്‍ത്താന്‍ റോഡ്” എന്ന പേരു വരാന്‍ കാരണം തന്നെ ഇതാണ്. 1900-ാമാണ്ടില്‍ കുറ്റിപ്പുറത്ത് ഉല്‍ക്ക വീണ സംഭവമുണ്ടായിട്ടുണ്ട്. ഇതിന്റെ അവശിഷ്ടം കല്‍ക്കത്താ മ്യൂസിയത്തില്‍ ഇപ്പോഴും പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. പഴയ കാലത്ത് കുറ്റിപ്പുറം ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. ഇവിടെ നടന്നിരുന്ന ശനിയാഴ്ച ചന്ത പ്രശസ്തമായിരുന്നു. ഒപ്പം കന്നുകാലിച്ചന്തയുമുണ്ടായിരുന്നു. അക്കാലത്ത് മരക്കച്ചവടത്തിലും മുന്‍പന്തിയില്‍ കുറ്റിപ്പുറമുണ്ടായിരുന്നു. കൂടാതെ മാങ്ങ, ചക്ക മുതലായ പഴവര്‍ഗ്ഗങ്ങള്‍ വാഗണുകളിലും, ലോറികളിലും കുറ്റിപ്പുറത്തു നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. പുരാതനകാലം മുതല്‍ പൊന്നാനി തുറമുഖം വഴി കുറ്റിപ്പുറത്തു നിന്നുള്ള വാണിജ്യ സുഗന്ധവിളകളുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു. കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നാണ് കുറ്റിപ്പുറം. കുറ്റിപ്പുറം പാലമാണ് കുറ്റിപ്പുറത്തിന്റെ വികസനത്തില്‍ സുപ്രധാന നാഴികക്കല്ലായത്.


കുറ്റിപ്പുറം പാലം           റെയിൽവേ സ്റ്റേഷൻ


ഈ ഗ്രാമത്തിന്റെ ജനവാസചരിത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നാഗപറമ്പ് പ്രദേശത്ത് അഞ്ചും ആറും അടി താഴ്ചയുള്ള പൌരാണിക ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്. കുറ്റിപ്പുറത്തെ ചുള്ളക്കാട്ടില്‍പറമ്പില്‍ എന്ന സ്ഥലത്ത് ഒരു കുടുംബത്തിന് കഴിയാന്‍ മാത്രം വലിപ്പമുള്ള പൌരാണിക ഗുഹയുമുണ്ട്. കുറ്റിപ്പുറം പഞ്ചായത്തിന്റെ മൂന്നു ഭാഗവും ഭാരതപ്പുഴ വലയം ചെയ്തിരിക്കുന്നു.

കുറ്റിപ്പുറം പഞ്ചായത്ത്, ഒരു ഗൂഗിൾ മാപ് ദൃശ്യം

     നടുവട്ടംപാടം, ഇരുവപ്പാടം, കായന്‍പാടം, കൊളത്തോള്‍പാടം, കുന്താണിപാടം, പാഴൂര്‍പാടം, പൂങ്കോറപാടം, ചെല്ലൂര്‍പാടം, കഴുത്തല്ലൂര്‍പാടം, എടച്ചലംപാടം, പേരശനൂര്‍ പുഞ്ചപ്പാടം, പൈങ്കണ്ണൂര്‍ പാടം, കുളക്കാട് പാടം എന്നിവയാണ് പഞ്ചായത്തിലെ പ്രധാന നെല്‍ക്കൃഷി സ്ഥലങ്ങള്‍. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ നിളാതീരം, സമതലം, ഉയര്‍ന്ന സമതലം, ചെറുചെരിവ്, കുന്നിന്‍പ്രദേശം എന്നിങ്ങനെ പ്രധാനമായും അഞ്ചു മേഖലകളായി തിരിക്കാം. “പൂതപ്പാട്ടി”ന്റെ രചയിതാവും മലയാളകവിതയിലെ ആധുനികധാരയുടെ വക്താവുമായിരുന്ന പ്രശസ്ത കവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ക്ക് ജന്‍മം നല്‍കിയത് കുറ്റിപ്പുറമാണ്. അന്താരാഷ്ട്ര പ്രശസ്തനായ ചിത്രകാരനും ആധുനിക ഇന്ത്യന്‍ ചിത്രകലയിലെ “റാഡിക്കല്‍ പ്രസ്ഥാന”ത്തിന് രൂപം കൊടുത്തവരില്‍ പ്രധാനിയുമായിരുന്ന കെ.പി.കൃഷ്ണകുമാറും കുറ്റിപ്പുറം സ്വദേശിയാണ്.

 


സാമൂഹ്യചരിത്രം

              പഴയ കാലത്ത് കുറ്റിപ്പുറം ഗ്രാമം വനമേഖലയായിരുന്നു. പില്‍ക്കാലത്ത് സാമൂതിരി രാജാവിന്റെ സൈനിക മുന്നറ്റങ്ങളാണ് ഈ പ്രദേശത്തെ നാട്ടിന്‍പ്രദേശമായി മാറ്റിയത്. ആദിവാസികളായിരുന്നു ഇവിടെയുണ്ടായിരുന്ന ആദിമനിവാസികള്‍. ഈ ഗ്രാമത്തിന്റെ ജനവാസചരിത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നാഗപറമ്പ് പ്രദേശത്ത് അഞ്ചും ആറും അടി താഴ്ചയുള്ള പൌരാണിക ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്. കുറ്റിപ്പുറത്തെ ചുള്ളക്കാട്ടില്‍പറമ്പില്‍ എന്ന സ്ഥലത്ത് ഒരു കുടുംബത്തിന് കഴിയാന്‍ മാത്രം വലിപ്പമുള്ള പൌരാണിക ഗുഹയുമുണ്ട്. ഹരിജനങ്ങളും ഈഴവരും നായന്‍മാരും ഇവിടെ എത്തിച്ചേരുന്നതിനു വളരെ മുമ്പ് പതിനൊന്ന് നമ്പൂതിരി ഇല്ലങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവത്രെ. തലക്കാട്ടുപടി, ചെങ്ങണ എന്നിവ ഇതില്‍പ്പെട്ടവരാണ്. മാമാങ്കത്തിന്റെ കാലത്ത് പടനായകന്‍മാര്‍ ആഴ്വാഞ്ചേരി നാടുവാഴിയുടെ സൌകര്യത്തിനു വേണ്ടി അവരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. നാട്ടുവട്ടമാണ് പിന്നീട് അവരുടെ കേന്ദ്രമായി മാറിയത്. തുടര്‍ന്ന് ഇരുമ്പിളിയം, വെണ്ടല്ലൂര്‍, കാട്ടിപ്പരുത്തി, തൊഴുവാനൂര്‍, വൈക്കത്തൂര്‍ മുതലായ ഊരുതാവളങ്ങളിലേക്കും അവര്‍ വ്യാപിക്കുകയുണ്ടായി. കുറ്റിപ്പുറം പഞ്ചായത്തിലെ പേരശ്ശന്നൂര്‍, കഴുത്തല്ലൂര്‍, പൈങ്കണ്ണൂര്‍, ചെല്ലൂര്‍, പാഴൂര്‍, പകരനെല്ലൂര്‍, രാങ്ങാട്ടൂര്‍ എന്നീ പ്രദേശങ്ങള്‍ക്കെല്ലാം ഇത്തരത്തില്‍ ചരിത്ര പ്രാധാന്യമുണ്ട്. ക്ഷേത്രങ്ങളായിരുന്നു പഴയ ഗ്രാമവ്യവസ്ഥിതിയുടെ കേന്ദ്രബിന്ദു. ചെല്ലൂര്‍, പാഴൂര്‍, പകരനെല്ലൂര്‍, രാങ്ങാട്ടൂര്‍, വലിയപറപ്പൂര്‍ തുടങ്ങിയ ഊരുകളുമായി ബന്ധപ്പെട്ടതാണ് ആയോധനവിദഗ്ധരുടെ ആവാസ കേന്ദ്രമായിരുന്ന നാട്ടുവട്ടം. നാട്ടുവട്ടം പിന്നീട് നടുവട്ടമായി മാറി. നാട്ടുവട്ടത്തുണ്ടായിരുന്ന യോദ്ധാക്കള്‍ തുളുനാട്ടുകാരായിരുന്നു. ഇവരില്‍ ഒരുവിഭാഗം നിളാതീരത്ത് കുറ്റിപ്പുറം-തിരുനാവായ ഭാഗത്ത് പാര്‍പ്പുറപ്പിച്ചു. അവരുടെ തലമുറയില്‍പ്പെട്ടവരാണത്രെ ചങ്ങമ്പള്ളി ഗുരുക്കന്‍മാര്‍. നാട്ടുവട്ടത്തുള്ള കരിങ്കമണ്ണ കുറുപ്പന്‍മാരും ഈ വിഭാഗത്തില്‍പ്പെട്ടവരാണെന്ന് പറയപ്പെടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ കുറ്റിപ്പുറത്തുനിന്ന് അനല്‍പമായ പങ്കാളിത്തമുണ്ടായിട്ടുണ്ട്. കുറ്റിപ്പുറത്തുനിന്നുള്ള ആലുക്കല്‍ അവറാനും, പൊറ്റാരത്ത് സൈതാലി മുല്ലയും 1921-ലെ ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടുള്ള മലബാര്‍ കലാപവേളയില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ബൊല്ലാരിയില്‍ വച്ച് ബ്രിട്ടീഷുകാര്‍ വധിക്കുകയും ചെയ്തു. കുറ്റിപ്പുറത്ത് ബ്രിട്ടീഷുകാര്‍ ആരോപിക്കും പോലെ സാമുദായിക കലാപമൊന്നും നടന്നിരുന്നില്ല. വളരെ സൌഹൃദപരമായ അന്തരീക്ഷത്തിലായിരുന്നു എല്ലാ മതവിഭാഗങ്ങളും കഴിഞ്ഞിരുന്നത്. ഇതിനൊരുദാഹരണമാണ് മലബാര്‍ ലഹളകാലത്ത് ആഴ്വാഞ്ചേരിമന കൊള്ള ചെയ്യാന്‍ വരുന്നു എന്ന കിംവദന്തി പരന്നപ്പോള്‍ ഇതറിഞ്ഞ മുസ്ളീങ്ങള്‍ മഞ്ചല്‍ കൊണ്ടുവന്ന് തമ്പ്രാക്കളെ മുക്കോല അമ്പലത്തില്‍ എത്തിക്കുകയും അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് എത്താന്‍ സഹായിച്ചതുമായ സംഭവം. അതുപോലെ തന്നെയായിരുന്നു മലബാര്‍ കലാപകാലത്ത് മുസ്ളീങ്ങള്‍ക്ക് ഹിന്ദുക്കള്‍ അഭയം നല്‍കിയിരുന്ന സംഭവങ്ങളും. കുറ്റിപ്പുറത്തെ റെയില്‍ പൊളിച്ചുനീക്കിയതും, സ്റ്റേഷനിലേയും, രജിസ്ട്രാര്‍ ഓഫീസിലേയും, അംശകച്ചേരിയിലേയും റെക്കോഡുകള്‍ നശിപ്പിച്ചതുമായ സംഭവങ്ങളാണ് കലാപമായി മുദ്ര കുത്തപ്പെട്ടത്. 1940 കാലങ്ങളില്‍ സി.രാജഗോപാലാചാരി, പ്രകാശം, യാക്കൂബ് ഹസ്സന്‍, ഭക്തവത്സലം, സി.ഗോപാല റെഡ്ഡി, അളകേശന്‍ മുതലായ നിരവധി രാഷ്ട്രീയ നേതാക്കള്‍ കുറ്റിപ്പുറം സന്ദര്‍ശിച്ചിട്ടുണ്ട്. വി.വി.ഗിരി, ഫക്രുദ്ദീന്‍ അലി അഹമ്മദ്, കാമരാജ് നാടാര്‍ തുടങ്ങിയ പ്രമുഖ നേതാക്കളും കുറ്റിപ്പുറത്ത് വന്നിട്ടുണ്ട്. 1938-ല്‍ മദ്രാസ് സംസ്ഥാനമന്ത്രി യാക്കൂബ് ഹസ്സന്‍, പ്രധാനമന്ത്രി രാജഗോപാലാചാരി എന്നിവര്‍ വന്നത് കുറ്റിപ്പുറം പാലത്തിന്റെ അതിര്‍ത്തിക്ക് അംഗീകാരം നല്‍കാനും നിര്‍മ്മാണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുന്നതിനുമായിരുന്നു. രണ്ടാം ലോകമഹായുദ്ധം വന്നതോടെ പാലത്തിന്റെ പണി നിര്‍ത്തിവക്കേണ്ടി വന്നങ്കിലും യുദ്ധാനന്തരം പണി പുനരാരംഭിച്ചു. മലബാറിലെ റെയില്‍വെ തൊഴിലാളികളുടെ സംഘടനയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായിരുന്നു കുറ്റിപ്പുറം. കുറ്റിപ്പുറത്തിനു മലഞ്ചരക്കു വ്യാപാരവുമായി ബന്ധപ്പെട്ട് 800 വര്‍ഷത്തിലധികം പഴക്കമുള്ളൊരു ചരിത്രമുണ്ട്. നിളാനദിയിലൂടെയായിരുന്നു തുറമുഖനഗരവുമായി ബന്ധപ്പെട്ടിരുന്നത്. ചെങ്ങണയില്‍കടവ്, കാങ്കപ്പുഴക്കടവ്, മല്ലൂര്‍കടവ് എന്നിവ അക്കാലത്ത് ചെറിയ തുറമുഖങ്ങള്‍ തന്നെയായിരുന്നു. ടിപ്പുവിന്റെ പടയോട്ടം നടന്നിട്ടുള്ള പ്രദേശമാണിത്. കുറ്റിപ്പുറം-ചെമ്പിക്കല്‍-തിരൂര്‍ റോഡിനു “ടിപ്പു സുല്‍ത്താന്‍ റോഡ്” എന്ന പേരു വരാന്‍ തന്നെ കാരണം ഇതാണ്. 1900-ാമാണ്ടില്‍ കുറ്റിപ്പുറത്ത് ഉല്‍ക്ക വീണ സംഭവമുണ്ടായിട്ടുണ്ട്. ഇതിന്റെ അവശിഷ്ടം കല്‍ക്കത്താ മ്യൂസിയത്തില്‍ ഇപ്പോഴും പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. പഴയ കാലത്ത കുറ്റിപ്പുറം ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. ഇവിടെ നടന്നിരുന്ന ശനിയാഴ്ച ചന്ത പ്രശസ്തമായിരുന്നു. ഒപ്പം കന്നുകാലിച്ചന്തയുമുണ്ടായിരുന്നു. അക്കാലത്ത് മരക്കച്ചവടത്തിലും മുന്‍പന്തിയില്‍ കുറ്റിപ്പുറമുണ്ടായിരുന്നു. കൂടാതെ മാങ്ങ, ചക്ക മുതലായ പഴവര്‍ഗ്ഗങ്ങള്‍ വാഗണുകളിലും, ലോറികളിലും കുറ്റിപ്പുറത്തു നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ചിരുന്നു. പുരാതനകാലം മുതല്‍ പൊന്നാനി തുറമുഖം വഴി കുറ്റിപ്പുറത്തു നിന്നുള്ള വാണിജ്യ സുഗന്ധവിളകളുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു. കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നാണ് കുറ്റിപ്പുറം. കുറ്റിപ്പുറം പാലമാണ് കുറ്റിപ്പുറത്തിന്റെ വികസനത്തില്‍ സുപ്രധാന നാഴികക്കല്ലായത്.

കുറ്റിപ്പുറം പാലം

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ

കുറ്റിപ്പുറം ബസ് സ്റ്റാന്റ്

കടപാട് : കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്

0 comments:

Post a Comment