Wednesday, 6 December 2017

കുറ്റിപ്പുറം പാലം

  കുറ്റിപ്പുറം പാലം
     മലബാറിലേക്ക് കവാടം തുറന്നുവച്ച് ഭാരതപ്പുഴയ്ക്ക് കുറുകെ നീണ്ടുനിവർന്നു കിടക്കുന്ന സുന്ദരമായ പാലം കാണാത്തവരായി അധികം പേരുണ്ടാകില്ല. അറുപത് വയസ്സ് പിന്നിട്ടിരിക്കുന്നു പാലത്തിന്. നിർമ്മാണം പൂർത്തിയാക്കി ഉപയോഗം തുടങ്ങും മുമ്പ് തന്നെ തകർച്ച അഭിമുഖീകരിച്ചിരുന്ന പുതിയ കാലത്തെ പാലങ്ങൾക്കുമുന്നിൽ തലയെടുപ്പോടെ ഇന്നും നിൽക്കുകയാണ് കുറ്റിപ്പുറം പാലം.

       നിളയ്ക്ക് കുറുകെ പ്രകൃതിയുടെ സമ്പൂർണ്ണ സൗന്ദര്യത്തെ പുൽകി നിൽക്കുന്ന പാലം ഇന്നും ആരോഗ്യ ദൃഡഗാത്രമാണ്. പാലത്തിന്റെ നിർമ്മാണ വിസ്മയങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ ഒരു പൊന്നാനിക്കാരന്റെ സ്പർശം കണ്ടെത്താനാകും. പൊന്നാനിക്കാരനായ അബ്ദുൾ അസീസാണ് പാലത്തിന്റെ ശിൽപ്പികളിൽ പൊന്നാനിയെ അടയാളപ്പെടുത്തുന്ന സാങ്കേതിക വിദഗ്ദ്ധൻ.
കുറ്റിപ്പുറം പാലത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളിൽ ഇരിക്കുന്നവർ അബ്ദുൾ അസീസിനെ ഓർക്കണമെന്നില്ല. എന്നാൽ അസീസിന് പാലത്തെ തൊടുന്നത് സ്വന്തം യുവത്വത്തെ മനസ്സുകൊണ്ട് തൊടുംപോലെയാണ്. പൊന്നാനിയിലെ പഴയ മുനിസിപ്പൽ ഓഫീസ് റോഡിലെ ഹസ്സൻ മൻസിലിൽ താമസിക്കുന്ന അസീസ് പാലത്തിന്റെ എൻജിനീയർമാരിൽ ഓരാളായിരുന്നു.

        ചെന്നൈ ഡിണ്ടി കോളേജിൽ നിന്ന് എൻജിനീയറിംഗ് ഡിഗ്രി കഴിഞ്ഞെത്തിയ 25കാരനായ അസീസിന് കുറ്റിപ്പുറം പാലത്തിന്റെ സൈറ്റിൽ ജൂനിയർ എൻജിനീയറായി നിയമനം ലഭിച്ചു. നൂറുരൂപയാണ് അന്ന് ശമ്പളം. 1949 മെയ് എട്ടിന് അന്നത്തെ മദ്രാസ് ഗവൺമെന്റിന്റെ പൊതുമരാമത്ത് മന്ത്രി എം ഭക്തവത്സലം കുറ്റിപ്പുറം പാലത്തിന് കല്ലിട്ടു. ചെന്നൈയിലെ ദി മോഡേൺ ഹൗസിംഗം കൺസ്ട്രക്ഷൻ ആന്റ് പ്രോപ്പർട്ടീസ് (എം എച്ച് സി പി) ലിമിറ്റഡ് പാലം പണിതീർത്തു. 1953 നവംബർ 11 ന് പൊതുമരാമത്തു മന്ത്രി ആർ ഷൺമുഖ രാജശ്വേര സേതുപതി പാലം തുറന്നുകൊടുത്തു. അതിനുമുമ്പ് കോഴിക്കോട്ടേക്ക് പോയിരുന്നത് ഷൊർണ്ണൂർ വഴിയാണ്.. പാലം പണി നടക്കുമ്പോൾ നാട്ടുകാർ ആദ്യമൊക്കെ അടുത്തുവരില്ലായിരുന്നു. പാലത്തിന്റെ തൂണുറയ്ക്കാൻ നരബലി നടത്തുമെന്ന് അവർക്ക് പേടിയായിരുന്നു.എന്നാൽ, സാങ്കേതികത്തികവിൽ പാലം പണി തീരുന്നത് കണ്ടപ്പോൾ അന്ധവിശ്വാസം വെടിഞ്ഞ് നാട്ടുകാർ ആവേശത്തോടെ എത്തി. പാലം പണിക്കെത്തിയ എൻജിനീയർമാരിൽ അസീസിന്റെ വീട് 20 കിലോമീറ്റർ മാത്രം ദൂരെ ആയിരുന്നുവെങ്കിലും വീട്ടിൽ പോയിവരാൻ അനുവദമില്ലായിരുന്നു. എൻജിനീയർമാർ പണി സ്ഥലത്ത് ഓലക്കുടിലിൽ താമസിച്ചു. പാലം പണിയുടെ ചീഫ് എൻജിനീയർ ഡബ്ല്യ എച്ച് നമ്പ്യാരായിരുന്നു. പി.ടി നാരായണൻ നായർ സൂപ്രണ്ട്, എഞ്ചിനീയറും. കൃഷ്ണൻ, വി നാരായണമേനോൻ, ബാലകൃഷ്ണമേനോൻ, ബാലനാരായണൻ എന്നിവരൊക്കെ അസീസിന്റെ സഹപ്രവർത്തകരായിരുന്നു.

                കുടിലിൽ താമസിച്ചിരുന്ന എൻജിനീയർമാർക്കുവേണ്ടി പിന്നീട് പണിത ക്വാർട്ടേഴ്സാണ്ഇപ്പോഴത്തെ പി.ഡബ്ല്യു.ഡി ഇൻസ്പെക്ഷൻ ബംഗ്ലാവ്.
മലബാറിലെ ഏറ്റവും നീളമുളള പാലങ്ങളിലൊന്നാണ് കുറ്റിപ്പുറത്തേത്. എട്ടേകാൽ ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയ പാലം 23 ലക്ഷത്തിന് പണി തീർന്നു. പതിനൊന്ന് സ്പാനുകളുളള പാലത്തിന്റെ നീളം 1183 അടി, വീതി 22 അടി. ആഴമേറിയ കിണറിന്റെ താഴ്ച നദിയുടെ അടിത്തട്ടിൽ നിന്ന് 82 അടി.

              1200 രൂപ അടിസ്ഥാന ശമ്പളത്തോടെ അസീസ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്ന് സൂപ്രണ്ടിംഗ് എൻജിനീയറായി 1978- വിരമിച്ചു. ഔദ്യോഗിക ജീവിതത്തിനുശേഷംപൊന്നാനിയിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന അസീസ് ചിട്ടയായ ജീവിത ക്രമത്തിലൂടെ ഇന്നും സജീവമാണ്. തൊണ്ണൂറ് പിന്നിട്ട ഇദ്ദേഹം കുറ്റിപ്പുറം പാലത്തിന്റെ നിർമ്മാണ ഘട്ടത്തിലെ ഓർമകൾ വളളി പുളളി വിടാതെ ഇപ്പോഴും ഓർത്തെടുക്കുന്നു.
















കടപ്പാട് : കേരളാകൌമുദി,    ചിത്രങ്ങൾക്ക് : വാട്സ്ആപ്പ് 

0 comments:

Post a Comment