Monday, 5 May 2014

മംഗള്‍യാന് മംഗളകരമായ തുടക്കം



            രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിക്കൊണ്ട് ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗള്‍യാന് മംഗളകരമായ തുടക്കം.

വിക്ഷേപണത്തിന്റെ ആദ്യഘട്ടങ്ങള്‍ നിശ്ചയിച്ചതുപോലെ പിന്നിട്ട് 'മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ ' എന്ന മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഇനി 300 ദിവസംകൊണ്ട് 40 കോടി കിലോമീറ്റര്‍ താണ്ടി ചൊവ്വായുടെ ഭ്രമണപഥത്തിലെത്തണം.

ചൊവ്വാഴ്ച പകല്‍ 2.38 നാണ് പിഎസ്എല്‍വി -സി25 റോക്കറ്റില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് മംഗള്‍യാന്‍ കുതിച്ചുയര്‍ന്നത്.

ഏതാണ്ട് 35 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഐഎസ്ആര്‍ഒ അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചു : 'ചരിത്രം സൃഷ്ടിച്ചിരിക്കുന്നു...ഐഎസ്ആര്‍ഒ യുടെ മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ പേടകം പിഎസ്എല്‍വി-സി25 ല്‍ നിന്ന് വിജയകരമായി വേര്‍പെട്ടിരിക്കുന്നു'.
ഭൂമിയില്‍നിന്ന് കുറഞ്ഞത് 247 കിലോമീറ്ററും, കൂടിയത് 23,567 കിലോമീറ്ററും അകലെയുള്ള ഭൗമഭ്രമണപഥത്തിലാണ് ഇപ്പോള്‍ മംഗള്‍യാന്‍ പേടകം. പേടകത്തിലെ സോളാര്‍ പാനലുകള്‍ വിജയകരമായി പ്രവര്‍ത്തനം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.

1,350 കിലോഗ്രാം ഭാരമുള്ള 'മംഗള്‍യാന്‍ ' ഡിസംബര്‍ ഒന്നുവരെ ഭൗമ ഭ്രമണപഥത്തിലുണ്ടാവും. അവിടെ നിന്നാണ് ചൊവ്വയിലേക്ക് സഞ്ചാരം തുടങ്ങുക. 2014 സപ്തംബര്‍ ഇരുപത്തിനാലോടെ മംഗള്‍യാന്‍ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.

ചൊവ്വയുടെ ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നതിനുള്ള കളര്‍ ക്യാമറയും മീഥെയ്ന്‍ വാതകം മണത്തറിയുന്നതിനുള്ള സെന്‍സറുമടക്കം അഞ്ച് ശാസ്ത്ര ഉപകരണങ്ങളാണ് മംഗള്‍യാന്‍ പേടകത്തിലുള്ളത്.

ചൊവ്വാദൗത്യം വിജയിച്ചാല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയൊരു യുഗപ്പിറവിയാവും അത്. യൂറോപ്യന്‍ യൂണിയനും അമേരിക്കയ്ക്കും റഷ്യയ്ക്കും ശേഷം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പര്യവേക്ഷണ വാഹനമെത്തിക്കുന്ന രാജ്യം എന്ന ചരിത്രനേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ചൈനയെയും ജപ്പാനെയും മറികടന്ന് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത് കാണാന്‍ ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വവും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

 മംഗള്‍യാന്‍ പേടകത്തിന്റെ ചൊവ്വായാത്ര കൃത്യമായി പിന്തുടരുന്നതിന് ആന്‍ഡമാനിലെ പോര്‍ട്ട്‌ബ്ലെയറിലും ബ്രൂണെയിലും ബാംഗ്ലൂരിനടുത്ത് ബൈലാലുവിലുമുള്ള കേന്ദ്രങ്ങള്‍ സജ്ജമായിക്കഴിഞ്ഞതായി ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ അറിയിച്ചു. ദക്ഷിണ ശാന്തസമുദ്രത്തില്‍ നിലയുറപ്പിച്ച നാളന്ദ, യമുന എന്നീ കപ്പലുകളും ഇതേ ദൗത്യത്തിനായി തയ്യാറെടുത്തു കഴിഞ്ഞു.

1965-ല്‍ അമേരിക്കന്‍ പര്യവേക്ഷണ വാഹനമായ മറൈന്‍ 4 ആണ് ആദ്യമായി ചൊവ്വയുടെ ദൃശ്യങ്ങള്‍ ആദ്യമായി ഭൂമിയിലേക്കയച്ചത്. കഴിഞ്ഞവര്‍ഷം ആഗസ്തില്‍ ചൊവ്വയിലിറങ്ങിയ അമേരിക്കയുടെ ക്യൂരിയോസിറ്റി ഇപ്പോഴും അവിടെ പര്യവേക്ഷണം തുടരുകയാണ്


ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയാല്‍ മംഗള്‍യാന്‍ പേടകം ചുരുങ്ങിയത് ആറ് മാസമെങ്കിലും അവിടെ അന്വേഷണം തുടരുമെന്ന് ഐ.എസ്.ആര്‍.ഒ. പറയുന്നു.

മംഗള്‍യാന്‍ വിക്ഷേപണത്തോടെ 144 അടി ഉയരമുള്ള പിഎസ്എല്‍വി.- സി25 റോക്കറ്റ് അതിന്റെ വിശ്വസ്തത വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഐഎസ്ആര്‍ഒ യുടെ അഭിമാനദൗത്യമായിരുന്ന ചന്ദ്രയാന്‍ വിക്ഷേപിച്ചതും പിഎസ്എല്‍വി റോക്കറ്റിലായിരുന്നു

 

0 comments:

Post a Comment